
വാഷിങ്ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലെ ആശയവിനിമയ ശൃംഖല തകരാറിലായതോടെ അമേരിക്കയിൽ വിമാന സർവീസുകൾക്ക് രാജ്യവ്യാപക നിയന്ത്രണം ഏർപ്പെടുത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ). വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട വിമാനങ്ങളുടെ സർവീസുകളാണ് താത്കാലികമായി നിർത്തിവച്ചത്. വ്യോമഗതാഗതത്തിലെ അസാധാരണ സാഹചര്യം കണക്കിലെടുത്തും സുരക്ഷ ഉറപ്പാക്കാനുമാണ് അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലാണ് ആശയവിനിമയ സംവിധാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എഫ്.എ.എ. വിദഗ്ധർ പരിശോധന നടത്തിവരികയാണ്.
അമേരിക്കൻ വ്യോമഗതാഗത മേഖലയിൽ സമാനമായ പ്രതിസന്ധി ഇതിനു മുൻപ് നേരിട്ടത് 2023 ജനുവരിയിലായിരുന്നു. അന്ന് എഫ്.എ.എ.യുടെ കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് രാജ്യത്തെ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷവും രാജ്യത്തെ വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചിരുന്നു.
പഴയ സാങ്കേതിക സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നു
വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഇപ്പോഴത്തെ സംഭവത്തോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. എയർ ട്രാഫിക് കൺട്രോളർമാർ ഉപയോഗിക്കുന്ന പഴയ സംവിധാനങ്ങൾ നവീകരിക്കാൻ കഴിഞ്ഞ വർഷം കോൺഗ്രസ് 12.5 ബില്യൺ ഡോളർ അനുവദിച്ചിരുന്നു.
പഴയ കോപ്പർ വയറുകൾ മാറ്റി ഫൈബർ ഒപ്റ്റിക് കേബിളുകൾ സ്ഥാപിക്കുന്നതിനൊപ്പം പുതിയ റേഡിയോ സംവിധാനങ്ങളും നടപ്പാക്കുന്നുണ്ട്. എന്നാൽ സമഗ്രമായ നവീകരണത്തിന് 30 ബില്യൺ ഡോളർ കൂടി വേണ്ടിവരുമെന്നാണ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയുടെ വിശദീകരണം. അധിക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ് കോൺഗ്രസിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










